ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം: അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ

ന്യൂഡല്‍ഹി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നിലപാടിനെതിരെ ഇന്ത്യ. ഈ നിലപാടിനെ പിന്തണയ്ക്കാനാകില്ലെന്നും പലസ്തീന്‍ വിഷയത്തില്‍ സ്വതന്ത്രമായ നിലപാടാണ് ഇന്ത്യയുടേതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സ്ഥിരതയുള്ളതുമാണ്. ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഈ നിലപാട് രൂപപ്പെട്ടിട്ടുള്ളത്. മൂന്നാമതൊരു രാജ്യത്തിന് ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനൊപ്പം ഇസ്രയേലിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിന്റെ ആസ്ഥാനം ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുന്നതായും ട്രംപ് അറിയിച്ചു.
അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളടക്കമുള്ള വിവിധരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന മാനിക്കാതെ ബുധനാഴ്ച വൈറ്റ് ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക.
ജൂതകൃസ്ത്യന്‍ഇസ്ലാം മതവിശ്വാസികള്‍ തങ്ങളുടെ വിശുദ്ധ നഗരമായി കരുതുന്ന ജറുസലേമിന്റെ കാര്യത്തില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. അമേരിക്കയുടെ നിലപാടിനെതിരെ അറബ് രാജ്യങ്ങളും ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വതവേ കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *