
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടിയില്‍ കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസില്‍ കോടതി കസ്റ്റംസിന് നോട്ടിസ് അയച്ചു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്താണ് നടന്‍ ഹരജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വാഹനത്തിന്റെ കൃത്യമായ രേഖകള്‍ കയ്യിലുണ്ടെന്നും കസ്റ്റംസിന്റെ നടപടി ഏകപക്ഷീയമാണെന്നും നടന്‍ ഹരജിയില്‍ പറയുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നെ കള്ളകടത്തുകാരന്റെ നിഴലില്‍ നിര്‍ത്തുന്നത് വലിയ പിഴവാണെന്നും ഒന്നും പരിഗണിക്കാതെ അനധികൃതമായാണ് കസ്റ്റംസ് തന്റെ വാഹനം പിടിച്ചുവച്ചതെന്നും അദ്ദേഹം പറയുന്നു. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടില്‍ കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ടുവാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ടുവാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരുവാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടന്നിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. കൃത്യമല്ലാത്ത രേഖകളുള്ള വാഹനമാണ് പിടിച്ചെടുത്തത് എന്നാണ് കസ്റ്റംസ് പറയുന്നത്.