
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി സി ജേക്കബ്ബ് (74) നെ ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കെതിരെയുമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പി സി ജേക്കബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 03.45 നാണ് കേസിനാസ്പദമായ സംഭവം. തമ്മനത്തെ കെ വി വി ഇ എസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ കമ്മിറ്റിയും, ജില്ലാ സെക്രട്ടറിയേറ്റും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിലവിലെ ജില്ലാ സെക്രട്ടറിയായിരുന്ന എ ജെ റിയാസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും പുതിയ ജനറല്‍ സെക്രട്ടറിയായി സി എസ് രാമചന്ദ്രനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരമായ റിയാസിനെ അനൂകൂലിക്കുന്ന മൂന്ന് കമ്മിറ്റി അംഗങ്ങളും കണ്ടാല്‍ അറിയാവുന്ന രണ്ട് പ്രതികളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
കേസിലെ ഒന്നാം പ്രതിയായ കമറുദ്ദീന്‍ തന്റെ പക്കലൂണ്ടായിരുന്ന എന്തോ ആയുധം ഉപയോഗിച്ച് പി സി ജേക്കബ്ബിന്റെ ഇടുപ്പില്‍ ഇടിക്കുകയും രണ്ടാം പ്രതി ഷാനവാസ് അദ്ദേഹത്തിന്റെ കഴുത്തിന് പിന്നില്‍ ഇടിക്കുകയും മൂന്നാം പ്രതി നിഷാദും മറ്റു പ്രതികളും കൂട്ടായി അദ്ദേഹത്തിന്റെ കൈയ്ക്കും തോളിനും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പാലാരിവട്ടം പോലിസ് എഫ് ഐ ആറില്‍ പറയുന്നത്.
സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി എ ജെ റിയാസിനെ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പങ്കെടുത്ത യോഗത്തില്‍ താക്കീത് ചെയ്തിട്ടുള്ളതാണെന്നും, പദവിക്ക് ചേരാത്ത പ്രവര്‍ത്തികള്‍ വീണ്ടും ആവര്‍ത്തിച്ചതാണ് റിയാസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റേണ്ടിവന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.