ഇടത് മുന്നണിയിലേക്ക് ചേക്കേറാന്‍ ജെഡിയു യോഗത്തില്‍ ധാരണ

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചേരാന്‍ ജനതാദള്‍ യു സംസ്ഥാനഭാരവാഹി യോഗത്തില്‍ ധാരണ. ഇത് സംബന്ധിച്ച് തന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തില്‍ അറിയിച്ചു. യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇടത് മുന്നണിയിലേക്ക് ചേക്കേറാനുള്ള തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, ഇടത് മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം ഇപ്പോഴും ശക്തമായ വിയോജിപ്പിലാണ്. തന്റെ നിലപാട് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ജോണ്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് ഇദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനഭാരവാഹി യോഗത്തില്‍ എടുക്കുന്ന തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയാണ് ഇടത് മുന്നണയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. നാളെ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരുന്നുണ്ട്. ഇന്ന് തന്നെ ഇടത് മുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്ന നിലപാടിലാണ് വീരേന്ദ്രകുമാര്‍. പാര്‍ട്ടി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെപി മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏതാനും സംസ്ഥാന നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തോട് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അവരും തീരുമാനം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് വീരേന്ദ്രകുമാര്‍.

യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വീരേന്ദ്രകുമാര്‍ കഴിഞ്ഞമാസം എംപി സ്ഥാനം രാജിവച്ചിരുന്നു. ദേശീയതലത്തില്‍ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് താന്‍ എംപി സ്ഥാനം രാജിവച്ചതെന്നാണ് വീരേന്ദ്രകുമാര്‍ രാജിക്ക് ശേഷം പ്രതികരിച്ചത്.

ഡിസംബര്‍ 20 നായിരുന്നു വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. ബിജെപി പാളയത്തിലുള്ള ജെഡിയുവിന്റെ എംപിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു വീരേന്ദ്രകുമാറിന്റെ രാജി. രാജിക്ക് പിന്നാലെ ജെഡിയുവിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം രംഗത്തെത്തിയിരുന്നു. യുഡിഎഫ് വിട്ടുവന്നാല്‍ മുന്നണിപ്രവേശം സംബന്ധിച്ച് ചര്‍ച്ച ആകാമെന്നായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടത്.

കുറച്ചുനാളുകളായി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ കെപി മോഹനന്‍ അടക്കമുള്ള ഏതാനും നേതാക്കളുടെ എതിര്‍പ്പാണ് വീരേന്ദ്രകുമാറിന് വിലങ്ങുതടിയായത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീരേന്ദ്രകുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതാണെന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുഡിഎഫ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന റിപ്പോര്‍ട്ടാണ് ബാലകൃഷ്ണപിള്ള കമ്മിറ്റി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചില്ലെന്ന് പരാതിപ്പെട്ടാണ് വീരേന്ദ്രകുമാര്‍ ആദ്യം യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞത്. ഒടുവില്‍ രാജ്യസഭാംഗമായി വീരേന്ദ്രകുമാറിനെ പാര്‍ലമെന്റിലേക്ക് അയച്ച് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ക്കും വിജയം കാണാനാകാതെ വന്നതിന് പിന്നാലെ വീരേന്ദ്രകുമാര്‍ വീണ്ടും യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞിരുന്നു. പിന്നീടാണ് എല്‍ഡിഎഫ് പക്ഷത്തേക്ക് പോകാനുള്ള ഉറച്ച നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചത്.

ഇതിനിടെ, പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ വന്ന മാറ്റങ്ങളും എല്‍ഡിഎഫ് മുന്നണിയിലേക്ക് മാറാനുള്ള തീരുമാനത്തിന് ശക്തിപകര്‍ന്നു. പാര്‍ട്ടി അധ്യക്ഷനും ബിഹാറില്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, കോണ്‍ഗ്രസും ആര്‍ജെഡിയുമായുള്ള വിശാലസഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോയതോടെ വീരേന്ദ്രകുമാര്‍ പ്രതിസന്ധിയിലായി. നിതീഷിനോട് ഇടഞ്ഞ ശരത് യാദവ് പക്ഷത്തിനൊപ്പമായിരിക്കും തങ്ങളെന്ന് വീരേന്ദ്രകുമാര്‍ പക്ഷം പ്രഖ്യാപിച്ചിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയുവില്‍ തന്റെ പഴയ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റ് (എസ്‌ജെഡി)ലയിപ്പിച്ചാണ് വീരേന്ദ്രകുമാര്‍ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ നിതീഷ് കുമാര്‍ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്നതോടെ എന്‍ഡിഎയുടെ ഭാഗമായി വീരേന്ദ്രകുമാറിന് നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ കൂടിയാണ് എംപി സ്ഥാനം രാജിവച്ച് എല്‍ഡിഎഫിനൊപ്പം ചേരാന്‍ വീരേന്ദ്രകുമാര്‍ തീരുമാനിച്ചത്.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിസര്‍ക്കാരിന്റെ സമയംവരെ വീരേന്ദ്രകുമാര്‍ പക്ഷം ഇടത് മുന്നണിക്കൊപ്പമായിരുന്നു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എസ് വിഭാഗം എല്‍ഡിഎഫ് വിട്ടത്. ഇതേതുടര്‍ന്ന് അന്ന് പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിയായിരുന്ന മാത്യു ടി തോമസ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് സംസ്ഥാന നേതൃത്വവുമായി മാത്യു ടി തോമസും മറ്റൊരു എംഎല്‍എയായ ജോസ് തെറ്റയിലും ഭിന്നതയിലായി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പാര്‍ട്ടി സംസ്ഥാന ഘടകമായി മാത്യു ടി തോമസ് വിഭാഗത്തിനെയാണ് അംഗീകരിച്ചത്. ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ പ്രതിനിധിയായി ജോസ് തെറ്റയില്‍ ഇടതുസര്‍ക്കാരില്‍ മന്ത്രിയാകുകയും മാത്യു ടി തോമസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുകയുമായിരുന്നു. തുടര്‍ന്ന് ഈ പക്ഷം എല്‍ഡിഎഫില്‍ തുടരുകയാണ്. വീരേന്ദ്രകുമാര്‍ പക്ഷം യുഡിഎഫില്‍ എത്തുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പാര്‍ട്ടി എംഎല്‍എയായ കെപി മോഹനന്‍ കൃഷിമന്ത്രിയാകുകയുമായിരുന്നു.

ദേവഗൗഡ കൈവിട്ടതോടെ വീരേന്ദ്രകുമാര്‍ പക്ഷം സ്വന്തം നിലയില്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (എസ്‌ജെഡി) രൂപീകരിക്കുകയും ഈ പാര്‍ട്ടി പിന്നീട് നിതീഷ് കുമാറും ശരത് യാദവും നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡില്‍ (ജെഡിയു) ലയിക്കുകയുമായിരുന്നു. ജെഡിയു ദേശീയ നേതൃത്വം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്കൊപ്പം ചേര്‍ന്നതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ നീക്കം സജീവമാക്കിയത്.

ഇപ്പോള്‍ എല്‍ഡിഎഫ് പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന, നേരത്തെ വീരേന്ദ്രകുമാറിനൊപ്പമുണ്ടായിരുന്ന ജനതാദള്‍ എസ് (ജെഡിഎസ്) പക്ഷത്തിന് നിയമസഭയില്‍ മന്ത്രി മാത്യു ടി തോമസ് അടക്കം മൂന്ന് എംഎല്‍എമാരാണുള്ളത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരാണ് പാര്‍ട്ടിയിലെ മറ്റ് എംഎല്‍എമാര്‍.

Leave a Reply

Your email address will not be published. Required fields are marked *