ഏക സിവില്‍ കോഡിലൂടെ ​ആര്‍.എസ്​.എസ്​ എന്താണോ ആഗ്രഹിക്കുന്നത്​ അത്​ വന്നു തുടങ്ങിയെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീര്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡിലൂടെ ​ആര്‍.എസ്​.എസ്​ എന്താണോ ആഗ്രഹിക്കുന്നത്​ അത്​ വരാനിരിക്കുകയല്ല, വന്നുതുടങ്ങിയിരിക്കുന്നെന്ന്​ ഇ.ടി.

മുഹമ്മദ്​ ബഷീര്‍ എം.പി. ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന ശാഠ്യമാണ്​ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും വെച്ചുപുലര്‍ത്തുന്നത്​. വിശ്വാസ പ്രമാണങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. ഏക സിവില്‍ കോഡ്​ മുസ്​ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇ.ടി പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നടത്തിയ രാജ്​ഭവന്‍ മാര്‍ച്ച്‌​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രം വക്രീകരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്​. ഐ.സി.എച്ച്‌​.ആറിനെ ആ നിലയില്‍ മാറ്റി. വിദ്യാഭ്യാസ രംഗത്ത്​ വര്‍ഗീയവത്​കരിക്കാന്‍ ഇനി എന്താണ്​ ബാക്കിയുള്ളത്​. മതത്തിന്‍റെ പേരില്‍ ജനങ്ങളെ പരസ്പരം വേര്‍തിരിക്കല്‍ ലക്ഷ്യമിടുന്ന പൗരത്വ നിയമം വീണ്ടും കൊണ്ടുവരുമെന്നാണ്​ കേന്ദ്രം ഇപ്പോള്‍ പറയുന്നത്​. മതംമാറ്റം ക്രിമിനല്‍ കുറ്റമാക്കി അതിന്‍റെ പേരില്‍ ആളുകളെ പീഡിപ്പിക്കാനും ശ്രമിക്കുന്നു.

പാര്‍ലമെന്‍റ്​ പാസാക്കിയ നിയമങ്ങളോടെല്ലാം ഇവര്‍ക്ക്​ പുച്ഛമാണ്​. രാജ്യത്തിന്‍റെ ഐക്യം ഉറപ്പുവരുത്തുന്ന നിയമങ്ങളെയെല്ലാം പിച്ചിച്ചീന്തുന്നു.​ കള്ളക്കഥ പ്രചരിപ്പിച്ച്‌​ മുസ്​ലിം സമുദാ​യത്തെ ശത്രുക്കളായി ചി​​ത്രീകരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയെന്ന കൃത്യമായ അജണ്ടയാണ്​ ഏക സിവില്‍ കോഡ്​​ നീക്കങ്ങള്‍ക്ക്​ പിന്നിലുള്ളതെന്ന്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

കെ.പി. അബൂബക്കര്‍ ഹസ്രത്ത്​, തൊടിയൂര്‍ മുഹമ്മദ്​ കുഞ്ഞ്​ മൗലവി, കടയ്ക്കല്‍ അബ്​ദുല്‍ അസീസ്​ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, ഒ. അബ്​ദുറഹ്​മാന്‍ മൗലവി, സയ്യിദ്​ മുത്തുക്കോയ തങ്ങള്‍, സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട്​ ഖമറുദ്ദീന്‍ മന്നാനി, ​ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി, ബീമാപള്ളി റഷീദ്​, കടയ്ക്കല്‍ ജുനൈദ്​, ഇര്‍ഷാദ്​ മൗലവി, അഡ്വ. നൗഫല്‍, തൊളിക്കോട്​ മുഹിയുദ്ദീന്‍ മൗലവി, നൗഷാദ്​ മാങ്കാങ്കുഴി, കെ.എച്ച്‌​. മുഹമ്മദ്​ മൗലവി, കായംകുളം ജലാലുദ്ദീന്‍ മൗലവി, നാസിമുദ്ദീന്‍ മന്നാനി, എസ്​.എച്ച്‌.​ താഹിര്‍ മൗലവി തുടങ്ങിയവര്‍ പ​​ങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *