തേനി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ട്രെയിന്‍ എത്തി

തേനി∙ ഇടുക്കിയുടെ വാണിജ്യ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വിന്റെ ചൂളംവിളിയുമായി തമിഴ്നാട് തേനി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ട്രെയിന്‍ എത്തി.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാടിന്റെ റെയില്‍വേ മാപ്പില്‍ തേനി ജില്ല ഉള്‍പ്പെടുന്നത്. 1928ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച മധുര-ബോഡിനായ്ക്കന്നൂര്‍ പാത മീറ്റര്‍ഗേജ് മാറ്റി ബ്രോഡ്ഗേജാക്കുന്നതിന്റെ ആദ്യ പടിയായിട്ടാണു മധുര-തേനി പാത പൂര്‍ത്തിയായത്.

ഇനി ബോഡിനായ്ക്കന്നൂരിലേക്ക് 17 കിലോമീറ്റര്‍ റെയില്‍പാതകൂടി പൂര്‍ത്തിയാകാനുണ്ട്. ഇതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഈ റെയില്‍പാത ഏറെ ഗുണകരമാകും.

ഇടുക്കിയിലെ അതിര്‍ത്തി താലൂക്കുകളായ ഉടുമ്ബന്‍ചോല, പീരുമേട്, ദേവികുളം മേഖലകള്‍ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനാണ് തേനി. കട്ടപ്പനയില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരമേ തേനി റെയില്‍വേ സ്റ്റേഷനിലേക്കുള്ളൂ. ഇടുക്കിയിലെ സുഗന്ധ വ്യഞ്ജന വ്യാപാരത്തിനും ഇതു വലിയ മുതല്‍ക്കൂട്ടാകുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.

തേനിയില്‍നിന്ന് കുമളി ലോവര്‍ ക്യാംപ് വരെ റെയില്‍പാത നീട്ടാനുള്ള പദ്ധതിയും റെയില്‍വേയുടെ പരിഗണനയിലാണ്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇടുക്കിയുടെ 7 കിലോമീറ്റര്‍ അകലെ വരെ ട്രെയിന്‍ എത്തും. ദിവസേന 2 സര്‍വീസാണുള്ളത്. 40 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *