കൈവിരല്‍ അറ്റു തൂങ്ങിയ മൂന്നു വയസുകാരിയെ ഓപ്പറേഷന്‍ നടത്താനെന്ന പേരില്‍ 36 മണിക്കൂര്‍ പട്ടിണിക്കിട്ട സംഭവം; ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുട്ടിക്ക് ഓപ്പറേഷന്‍ വൈകിയ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കൈവിരലുകള്‍ കതകില്‍ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ മൂന്നു വയസുകാരിക്ക് ഓപ്പറേഷന്‍ നടത്താന്‍ 36 മണിക്കൂര്‍ വൈകിയ സംഭവം വിവാദമായിരുന്നു. ഓപ്പറേഷന് മുന്‍പ് കുട്ടിക്ക് ഭക്ഷണം നല്‍കരുതെന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ മുറിവിന്റെ വേദനക്കൊപ്പം കുട്ടിക്ക് പട്ടിണി കിടക്കേണ്ടി വന്നതും രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അപകടത്തില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം സംഭവിച്ച്‌ എത്തുന്നവര്‍ക്കും ഉള്‍പ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷന്‍ തീയെറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്ന ഒരാള്‍ക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സാമുഹ്യ മാധ്യമങ്ങളിലൂടെ ഈ സംഭവം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുകയും ചെയ്തതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇനി ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടാകാത്ത തരത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *