പോളിംഗ് ശതമനാത്തിലെ കുറവ് എല്‍ഡിഎഫിന് ഗുണം ചെയ്യും;കെവി തോമസ്

കൊച്ചി; തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലെ കുറവ് എല്‍ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.

മണ്ഡലത്തില്‍ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം.

താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാല്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലം മാറി. വോട്ടിംഗ് ശതമാനം കുറഞ്ഞാലും കൂടിയാലും അത് അനുസരിച്ച്‌ തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കുന്നതൊന്നും എളുപ്പമല്ല, തോമസ് പറഞ്ഞു. ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു. പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ഇതായിരുന്നോ പി ടി പുലര്‍ത്തിയ കാഴ്ചപ്പാട്. ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, കെ വി തോമസ് കുറ്റപ്പെടുത്തി.

ജോ ജോസഫ് തുടക്കത്തില്‍ പകച്ച്‌ നിന്നെങ്കിലും പിന്നീട് പക്വതയുള്ള രാഷ്ട്രീയക്കാരനെ പോലെ മുന്നോട്ട് പോയെന്നും കെ വി തോമസ് പറഞ്ഞു. സ്ഥിരം രാഷ്ട്രീയക്കാര്‍ക്ക് പകരം പ്രൊഫഷണലുകള്‍ വരട്ടെയെന്നാണ് ജോ ജോസഫിന് വോട്ട് ചെയ്ത ശേഷം ജനങ്ങള്‍ അഭിപ്രായപ്പെട്ടതെന്നും കെ വി തോമസ് പറഞ്ഞു.

ട്വന്റി 20 വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നതിനെ കുറിച്ചും കെ വി തോമസ് പ്രതികരിച്ചു. ആദ്യം പാര്‍ട്ടി സ്വീകരിച്ച സമീപനമല്ലായിരുന്നു ട്വന്റി 2 മണ്ഡലത്തില്‍ സ്വീകരിച്ചത്. ആദ്യം യു ഡി എഫിന് വോട്ട് ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റി. ട്വന്റി 20 വോട്ടുകള്‍ എല്‍ ഡി എഫിന് ലഭിക്കുമെന്നാണ് തന്റെ കാഴ്ചപ്പാട്.

കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ അവരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് ഏകപക്ഷീയമായ നിലപാടാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേരുമെന്നും മാതൃഭൂമി അഭിമുഖത്തില്‍ കെ വി തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *