രാജ്യസഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഹരിയാന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നേക്കുമെന്ന ഭയത്തേത്തുടര്‍ന്ന് ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം. ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കാകും എം.എല്‍.എ.മാരെ മാറ്റുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 10നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ഒരു റിസോര്‍ട്ടില്‍ നാളെ മുതല്‍ മുറികള്‍ ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എപ്പോഴാകും എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. എപ്പോഴാണ് മാറ്റുകയെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഹരിയാനയില്‍ രണ്ട് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഓരോ സീറ്റില്‍ വിജയിക്കാന്‍ കഴിയും. ഒരു സീറ്റില്‍ ബി.ജെ.പി.യുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. രണ്ടാം സീറ്റില്‍ കോണ്‍ഗ്രസിന്റെ അജയ് മാക്കനെ വീഴ്ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മയെ ബി.ജെ.പി. രംഗത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അജയ് മാക്കനെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതില്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്. ഒപ്പം കാര്‍ത്തികേയ ശര്‍മയുടെ പിതാവിന്റെയും ഭാര്യാപിതാവിന്റെയും കോണ്‍ഗ്രസ് ബന്ധവും കോണ്‍ഗ്രസിന് തലവേനയാണ്. ഈ സാഹചര്യങ്ങളെല്ലാം മുതലാക്കുകയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള കോണ്‍ഗ്രസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *