ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറന്റൈനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11
ശതമാനം കടന്നിരിക്കുകയാണ്. കൂടുതല്‍ രോഗികള്‍ എറണാകുളത്തും തിരുവനന്തപുരത്തും ആണ്. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് അധികൃതര്‍.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ കേരളത്തിലാണ്. അതേസമയം രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന്റെ തുടക്കമാണെന്ന വിലയിരുത്തലുകള്‍ ഐസിഎംആര്‍ തള്ളി.
മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4270 പേര്‍ക്ക് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയും നാലായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോസിറ്റിവിറ്റി നിരക്കും ഒരിടവേളക്ക് ശേഷം വര്‍ധിച്ച് ഒരു ശതമാനത്തിന് മുകളിലെത്തി. ടിപിആര്‍ 1.03 ശതമാനമാണ്. 15 പേര്‍ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലും മഹാരാഷ്ട്രിയിലും ആയിരത്തിന് മുകളിലാണ് കേസുകകള്‍.
കേരളത്തിലെ 11 ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടി. മുംബൈയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത് ആശങ്കയാവുകയാണ്. 97 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുംബായിലുണ്ടായത്. കേരളത്തില്‍ 1544 ഉം മഹാരാഷ്ട്രയില്‍ 1357ഉം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നൂറിന് മുകളില്‍ കേസുകളുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 24052 ആയി. കൊവിഡ് കേസിലെ വര്‍ധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീറന്‍ പാണ്ഡെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും സമീറന്‍ പാണ്ഡെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *