മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും പി കെ കുഞ്ഞാലികുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആഗോളതലത്തില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പോലീസ് കേസെടുത്തിരിക്കുകയാണ്. ലഹളക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നില്ലെന്ന് മാത്രമല്ല കള്ളക്കേസില്‍ കുടുക്കിയ മുസ്ലിംകളുടെ വീടുകള്‍ പൊളിച്ച് നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഇതൊക്കെ തികച്ചും അന്യായവും ജനാധിപത്യ വിരുദ്ധവുമാണ്.
ലഹളക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വര്‍ദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങള്‍ നിരീക്ഷിച്ച് വരുന്നുണ്ട്. രാജ്യത്ത് നടക്കുന്ന മുനഷ്യാവകാശ ധ്വംസനത്തിലും മതസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിലും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജന്‍സികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നുമുണ്ട്.
1991ലെ ആരാധനാലയ നിയമം നിലനില്‍ക്കേ വിവിധ മസ്ജിദുകള്‍ കൈയ്യേറാന്‍ ശ്രമിക്കുന്നതും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രയോഗിക്കുന്നതും ബി.ജെ.പി തുടരുന്ന വെറുപ്പിന്റെ സ്വഭാവമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.
ജനാധിപത്യ മതേതര മാര്‍ഗത്തിലൂടെയുള്ള പ്രതിഷേധവും, പോരാട്ടവുമാണ് ഇതിനെതിരെയുള്ള പ്രതിരോധ മാര്‍ഗം. മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടം നയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *