യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ്‍ ലൈനായാകും യോഗം നടക്കുക. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ പ്രതിഷേധ മാര്‍ച്ചോടെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. രാഷ്ട്രീയ വിരോധത്തില്‍ ഇഡി കേസ് എടുത്തു എന്ന പ്രചാരണം ശക്തമാക്കും. അതേ സമയം ഹാജരാകാന്‍ മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.
അതേസമയം കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്‍പാകെ രാഹുല്‍ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാര്‍ച്ചോടെയാകണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ലോക്സഭ, രാജ്യസഭ എം പിമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ മാര്‍ച്ചില്‍ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 13 നാണ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്‍പാകെ ഹാജരാകുന്നത്.
കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2012 ല്‍ മുന്‍ എം പി സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇഡി തുടര്‍ നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.
