തിരുവനന്തപുരം: ചാലിയാര്‍ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പിഡബ്ലുഡി വിജിലന്‍സ് വിഭാഗം സമര്‍പിച്ച റിപ്പോര്‍ട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മടക്കി അയച്ചു. കൂടുതല്‍ വ്യക്തത തേടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ് കാരണമെന്ന് വ്യക്തത വരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മാനുഷിക പിഴവാണെങ്കില്‍ ആവശ്യത്തിനു നൈപുണ്യ തൊഴിലാളികള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കണം.
സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്നു വ്യക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മേയ് 16ന് രാവിലെയാണ് അപകടം നടന്നത്. 3 ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നു വീണു. 309 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്.
മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തൂണുകളില്‍ ഉറപ്പിക്കാന്‍ താഴ്ത്തുമ്പോള്‍ അടിയില്‍ വച്ച ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാതായതോടെ ബീം ചരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റര്‍ നീളമുള്ള വലിയ മൂന്നു ബീമുകളില്‍ ഒന്ന് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും പുഴയില്‍ പതിച്ചു. ഒരാള്‍ക്കു പരുക്കേറ്റു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. 2019 മാര്‍ച്ച് ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 25 കോടിരൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.
വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബുധനാഴ്ചയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കരാര്‍ കമ്പനിക്കും, മേല്‍നോട്ടച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണു വിവരം. പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന ജോലികള്‍ നടക്കുമ്പോള്‍ എന്‍ജിനീയര്‍മാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍.
കാഷ്വല്‍ ലീവ് ആയതിനാല്‍ പകരം ചുമതല നല്‍കിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു നല്‍കിയ വിശദീകരണം. അസി. എന്‍ജിനീയര്‍ മറ്റൊരു നിര്‍മാണ സ്ഥലത്തായിരുന്നു എന്നാണു വിശദീകരണം. കരാര്‍ കമ്പനി ജീവനക്കാരുടെ മാത്രം മേല്‍നോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കല്‍ പ്രവൃത്തികള്‍. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണു ബീമുകള്‍ തകരാന്‍ കാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം.
