നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്ബാകെ ഹാജരായി.

ഇത് നാലാം തവണയാണ് രാഹുലിനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച രാഹുലിനെ മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ കൊവിഡ് അനുബന്ധ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ മാതാവും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്ക് ഒപ്പം നില്‍ക്കേണ്ടതിനാല്‍ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ അദ്ദേഹം കേന്ദ്ര ഏജന്‍സിക്ക് കത്തെഴുതി. ഇത് പരിഗണിച്ച ഇ ഡി അദ്ദേഹത്തിന് തിങ്കളാഴ്ച വരെ സാവകാശം അനുവദിക്കുകയായിരുന്നു.

രാഹുലിനെ ഇ ഡി വേട്ടയാടുന്നുവെന്ന് ആരോപിച്ച്‌ ദേശീയ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്നും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലും രാഹുലിനെ ചോദ്യം ചെയ്യുന്ന വേളയില്‍ തലസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു.

യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയെക്കുറിച്ചും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം നടത്തുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിലെ അവരുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണിനെക്കുറിച്ചുമാണ് രാഹുലിനോട് ഇഡി ആരായുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ നാഷണല്‍ ഹെറാള്‍ഡിനെ മറയാക്കിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *