ഗോത്രവിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്… ചരിത്രനിയോഗത്തില്‍ ദ്രൗപദി മുര്‍മു

യൂഡല്‍ഹി: ഗോത്രവിഭാഗത്തില്‍ നിന്ന് രാജ്യത്തെ ആദ്യത്തെ വനിതാ ഗവര്‍ണര്‍. ഇങ്ങനെ ചരിത്രം രചിച്ച വ്യക്തിയാണ് ദ്രൗപദി മുര്‍മു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗത്തിലെ ഈ നേതാവ് വീണ്ടും ചരിത്രനിയോഗത്തിലാണ്, ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ അവസരം ലഭിച്ച ആദ്യ വനിത. ജൂലൈ 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
ജാര്‍ഖണ്ഡിലെ ഗവര്‍ണര്‍ ആയി(2015–2021) പ്രവര്‍ത്തിച്ചിട്ടുള്ള ദ്രൗപദി 2000 ല്‍ ഒഡീഷയിലെ നവീന്‍ പട്‌നായിക് മന്ത്രിസഭയിലും അംഗമായിരുന്നു. ഒഡീഷ നിയമസഭയില്‍ അംഗമായിരിക്കെ 2007 ല്‍ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്‌കാരം നേടി. ഗോത്രവര്‍ഗത്തിലെ നേതാവ് ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനിച്ചത്.
ഗോത്രവിഭാഗത്തില്‍ നിന്നുളള രാഷ്ട്രപതി വേണമെന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമുള്ളതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ ദ്രൗപദി മുര്‍മു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവര്‍ഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്. ഗോത്രവിഭാഗക്കാരിയായ മുര്‍മുവിനെ രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള സ്ഥാനാര്‍ഥിയാക്കിയതിലൂടെ ചരിത്രപരമായ തീരുമാനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിജെപി കൈക്കൊള്ളുന്നതും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, സംഘടനാ ചുമതലയുളള സെക്രട്ടറി ബി.എല്‍.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇരുപതോളം പേരുടെ പട്ടികയാണ് പരിഗണിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് ഗോത്ര വിഭാഗത്തില്‍ നിന്നുളള വനിതാ സ്ഥാനാര്‍ഥി എന്ന ഉറച്ച തീരുമാനത്തിലേക്ക് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം എത്തിയത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആധികാരിക ജയം ഉറപ്പാക്കാന്‍ എന്‍ഡിഎക്കു പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണ്ട സാഹചര്യത്തില്‍ ഒഡിഷയില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ രംഗത്തിറക്കുന്നതിലൂടെ ഒഡീഷ ഭരിക്കുന്ന ബിജു ജനതാദളിന്റെയും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെയും ഉറച്ച പിന്തുണ കൂടി ബിജെപിക്ക് അനായാസം ഉറപ്പാക്കാനാകുമെന്നാണ് സൂചന.
ഒഡീഷയിലേതു പോലെ ആന്ധ്രയിലും മുര്‍മു ഉള്‍പ്പെടുന്ന സന്താള്‍ ഗോത്രവിഭാഗം സജീവ സാന്നിധ്യമായതിനാല്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിന്തുണ ഉറപ്പാക്കാനും ഈ നീക്കത്തിലൂടെ ബിജെപിക്കാകും. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കുന്ന മൊത്തം വോട്ടുമൂല്യത്തില്‍(എകദേശം 10,86,000) ദേശീയ ജനാധിപത്യ സഖ്യത്തിലെ എല്ലാ കക്ഷികളെ ഉള്‍പ്പെടുത്തിയാലും ജയിക്കാന്‍ 29,000 വോട്ടിന്റെ കുറവുണ്ട്. ഇത് ആധികാരികമായി മറികടക്കാന്‍ ബിജെഡിയുടെയും മറ്റും പിന്തുണ സഹായിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊപ്പം പശ്ചിമ ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളില്‍ പിന്തുണ വിപുലമാക്കാനും ഈ രാഷ്ട്രീയ തീരുമാനത്തിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 15ന് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതാ രാഷ്ട്രപതിയെ അവതരിപ്പിക്കുക എന്ന വേറിട്ട രാഷ്ട്രീയ നയചാതുര്യത്തിനും ഈ നീക്കത്തിലൂടെ ബിജെപിക്കായി.
സാമൂഹിക സേവനത്തിനും ദരിദ്രരെയും അധഃസ്ഥിതരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിന് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ദ്രൗപദി മുര്‍മുവെന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സമ്പന്നമായ ഭരണപരിചയമുള്ള അവര്‍ മികച്ച രീതിയിലാണ് ഗവര്‍ണര്‍പദവി കൈകാര്യം ചെയ്തത്. അവര്‍ മികച്ച രാഷ്ട്രപതിയാകുമെന്നത് ഉറപ്പുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുമായും ആര്‍എസ്എസ് നേതൃത്വവുമായും എന്‍ഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ദ്രൗപദി മുര്‍മു. 20 വര്‍ഷത്തിലേറെയായി പൊതുരംഗത്തുളള അവര്‍ മുന്‍പ് ഒരിടവേള അധ്യാപികയായും പ്രവര്‍ത്തിച്ചു. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു.
ബിരാഞ്ചി നാരായണ്‍ തുഡുവാണ് ദ്രൗപതി മുര്‍മുവിന്റെ പിതാവ്. ആദിവാസി വിഭാ?ഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട്! ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍ ഭര്‍ത്താവും രണ്ട്! ആണ്‍കുട്ടികളും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *