അനിത പുല്ലയില്‍ രണ്ട്​ ദിവസവുമെത്തി; സഭാഹാളില്‍ കടന്നില്ലെന്ന് ചീഫ്​ മാര്‍ഷലിന്‍റെ റിപ്പോര്‍ട്ട്​

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്​ കേസിലെ ഇടനിലക്കാരിയെന്ന്​ ആരോപണം ഉയര്‍ന്ന അനിത പുല്ലയില്‍ രണ്ടു​ ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തില്‍ എത്തിയിരുന്നതായി ചീഫ്​ മാര്‍ഷല്‍ സ്​പീക്കര്‍ക്ക്​ റിപ്പോര്‍ട്ട്​ നല്‍കി.

റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ എം.ബി. രാജേഷ്​ വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. എല്ലാ നിയ​ന്ത്രണങ്ങളും ലംഘിച്ച്‌​​ അനിത പുല്ലയില്‍ നിയമസഭയില്‍ കടന്നത്​ ഗുരുതര വീഴ്ചയാണെന്നാണ്​ വിലയിരുത്തല്‍.

സഭ ടി.വിക്ക്​ ഒ.ടി.ടി സഹായം നല്‍കുന്ന ബിട്രെയിറ്റ്​ സൊലൂഷനിലെ ജീവനക്കാരുടെ സഹായം ഇതിനു​ ലഭിച്ചു. സഭാനടപടികള്‍ നടന്ന ശങ്കരനാരായണന്‍ തമ്ബി ഹാളില്‍ അനിത കടന്നിട്ടില്ല. ഇടനാഴിയില്‍ പലരുമായും സംസാരിക്കുകയും സഭ ടി.വി ഓഫിസില്‍ ഏറെ സമയം ചെലവിടുകയും ചെയ്​തെന്ന്​ റിപ്പോര്‍ട്ടിലുണ്ട്​​.

ഓപണ്‍ ഫോറത്തില്‍ പ​ങ്കെടുക്കാന്‍ ക്ഷണക്കത്തുള്ളതുകൊണ്ടാണ്​ കടത്തിവിട്ടതെന്ന്​ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്​. അനിത മന്ദിരത്തിലേക്ക്​ വരുന്നത്​ മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്​. ഒ.ടി.ടി സഹായം നല്‍കുന്ന കമ്ബനിയിലെ രണ്ടു​ ജീവനക്കാരാണ്​ സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക്​ അനിതയെ കൊണ്ടു​പോയത്​.

ഓപണ്‍ ഫോറത്തിന്‍റെ പാസ്​ ഇവര്‍ക്ക്​ എങ്ങനെ കിട്ടിയെന്ന്​ റി​പ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ്​ സൂചന. ഓപണ്‍ ഫോറത്തിലെ ക്ഷണക്കത്ത്​ നോര്‍ക്ക വഴി പ്രവാസി സംഘടനകള്‍ക്ക്​ നല്‍കിയിരുന്നു. ഈ സംഘടനകള്‍ വഴിയാകും ക്ഷണക്കത്ത്​ അനിതക്ക്​ കിട്ടാന്‍ സാധ്യത​. രണ്ടാം ദിവസം പുറത്തേക്ക്​ പോകാന്‍ വാച്ച്‌​ ആന്‍ഡ്​​ വാര്‍ഡ്​ ആവശ്യപ്പെട്ട ഘട്ടത്തില്‍ ജീവനക്കാര്‍ അനുഗമിച്ചിരുന്നു. നിയമസഭയിലെ പല ഗേറ്റുകളിലും സി.സി ടി.വി. ഇല്ലെന്നും ഈ സംവിധാനവും സുരക്ഷ നടപടികളും ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്​.

മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനു​ ശേഷം മാത്രമാണ്​ അനിതയെ മന്ദിരത്തില്‍നിന്നും മാറ്റിയത്​. ബിട്രെയിറ്റ്​ സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കിയേക്കും​. വെള്ളിയാഴ്ച സ്പീക്കര്‍ വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്​. തങ്ങള്‍ പാസ്​ നല്‍കിയിട്ടില്ലെന്ന്​ നോര്‍ക്ക വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *