ഫ്‌ളോറിഡ: യുഎസില്‍ എട്ടു വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരി മരിച്ചു.
വെടിവയ്‌പ്പില്‍ ഗുരുതര പരുക്കേറ്റ രണ്ടു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ളോറിഡയിലെ മോട്ടല്‍ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസ്സുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്. വെടിവെപ്പു നടത്തിയ ആണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റോഡെറിക് റന്‍ഡാലിനെ (45) അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ റന്‍ഡാലിന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുമായി തന്റെ പെണ്‍സുഹൃത്തിനെ കാണാന്‍ മോട്ടലിലെത്തിയപ്പോഴായിരുന്നു ദാരുണ സംഭവം.
പെണ്‍സുഹൃത്തിന്റെ ഇളയ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകളായ മൂത്ത സഹോദരിമാരില്‍ ഒരാളാണ് വെടിയേറ്റ് ആശുപത്രിയിലുള്ളത്. ഇടയ്ക്ക് റന്‍ഡാല്‍ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പെണ്‍കുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു. കുട്ടി തോക്കെടുത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം.
മുറിയില്‍ തിരിച്ചെത്തിയ റന്‍ഡാല്‍ പൊലീസ് എത്തുന്നതിനു മുന്‍പേ തോക്കും റൂമിലുണ്ടായിരുന്ന ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുവും എടുത്തുമാറ്റിയെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തെളിവു നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തത്.
