‘കോവിഡ് ഉയരുന്നതില്‍ ആശങ്ക വേണ്ട’; ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയരുന്നെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതില്‍ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 വെന്റിലേറ്ററുകളിലും ചികിത്സയിലുള്ളത്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണം . ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച്‌ കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്.

എല്ലാ കാലവും നമുക്ക് അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്‍ നിന്നും ആരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *