ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്ബേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം : വി ഡി സതീശന്‍

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പോലീസ് നോക്കി നില്‍ക്കെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയാണെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ ചോദിച്ചു.

ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്ബേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്ബ് വരെ എകെജി സെന്ററിന് മുമ്ബില്‍ ആ ഗേറ്റില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണം നടന്ന സമയത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് അത് മാറ്റിയത്? എകെജി സെന്ററിനും സമീപപ്രദേശങ്ങളിലുമായി എഴുപതോളം സിസിടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീമിനായിരുന്നു എകെജി സെന്ററിന്റെ ചുമതല. ഇവര്‍ നോക്കിനില്‍ക്കുമ്ബോള്‍ എങ്ങനെയാണ് അവിടെ ഒരു ബോംബ് ആക്രമണം ഉണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയില്‍ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്ബോഴും പന്തമെറിയുമ്ബോഴും പോലീസ് കൈയും കെട്ടി നില്‍ക്കുകയായിരുന്നില്ല, തൊപ്പിയില്‍ കൈ വെച്ചു നില്‍ക്കുകയായിരുന്നു. ആക്രമികള്‍ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

പാര്‍ട്ടി ഓഫീസിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയുള്ള അടിയന്തരപ്രമേയത്തില്‍ ബിരിയാണി ചെമ്ബിലേക്കും സ്വപ്ന സുരേഷിലേക്കുമാണ് ഭരണകക്ഷികള്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *