മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം ഭരണഘടനയോടും ഭരണഘടനാ ശില്‍പ്പികളോടുമുള്ള അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണഘടനയെ അഹേളിച്ചതിലുള്ള പ്രധാന പ്രതി സ്ഥാനത്ത് മുഖ്യമന്ത്രി വന്നിരിക്കുകയാണ്.
പരസ്യമായി ഒരു മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടി വേണ്ടായെന്ന സിപിഎം തീരുമാനം വിനാശകരവും അവിവേകപൂര്‍ണവുമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ധിക്കാരപരമായ നിലപാടാണിത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ഈ നിലപാട് ബിജെപി അംഗീകരിക്കില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മന്ത്രി പറഞ്ഞത് നാക്ക് പിഴ അല്ലെന്നും പ്രസംഗത്തില്‍ നിരവധി തവണ അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്നുണ്ടെന്നതും വ്യക്തമാണ്. അദ്ദേഹം അത് തിരുത്താന്‍ പോലും തയ്യാറായില്ല. മന്ത്രിക്ക് രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല. മന്ത്രി സജി ചെറിയാന്‍ രാജിവെക്കും വരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടും. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇത് ഇരട്ട പ്രഹരമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
