സജി ചെറിയാനെ ചുളുവില്‍ തിരിച്ചുകൊണ്ടുവരാന്‍ ഡാം തുറന്നുവിടരുത് -വി.ടി. ബല്‍റാം

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച്‌ പ്രസംഗിച്ചതിന്റെ പേരില്‍ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാന്‍ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.

ബല്‍റാം. കഴിഞ്ഞ തവണ ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ പ്രളയകാലത്ത് തിരിച്ചെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്.

‘ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജന്‍ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിര്‍മ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് രാജിവച്ച്‌ പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവില്‍ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് ബല്‍റാം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്.

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായതിനെ തുടര്‍ന്നാണ് മന്ത്രി സജി ചെറിയാന്‍ ഇന്ന് വൈകീട്ട് രാജിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു രാജി. ഇന്ന് ചേര്‍ന്ന സി.പി.എം ​സംസ്ഥാന സെക്രട്ടറിയേറ്റില്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സജി ചെറിയാന്‍ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മല്ലപ്പള്ളിയില്‍ സി.പി.എം പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്ബളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്‍മാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്’ -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *