മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.
അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു എന്നര്‍ത്ഥം വരുന്ന തല്‍ബിയത് ചൊല്ലിക്കൊണ്ട് തീര്‍ഥാടക ലക്ഷങ്ങള്‍ മിനായിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് പത്തു ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ ഇന്ന് മിനായില്‍ തമ്പടിക്കും. ഇന്നലെയാണ് തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങിയത്. ഹജ്ജ് സര്‍വീസ് ഏജന്‍സി ഒരുക്കിയ ബസുകളിലാണ് തീര്‍ഥാടകര്‍ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലെത്തിയത്.
ഇന്ത്യയില്‍ നിന്നുള്ള 79,000 ത്തോളം വരുന്ന തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ രാത്രി തന്നെ മിനായിലെത്തി. ഇന്ന് ഉച്ച മുതല്‍ മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ഇനിയുള്ള 6 ദിവസം തീര്‍ഥാടകര്‍ക്ക് പ്രതീകാത്മക ചടങ്ങുകളുടെയും പ്രാര്‍ഥനകളുടെയും ദിനങ്ങളാണ്. നാളെയാണ് അറഫാ സംഗമം. എട്ടര ലക്ഷം വിദേശ തീര്‍ഥാടകരും ഒന്നര ലക്ഷം ആഭ്യന്തര തീര്‍ഥാടകരുമാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. കൊവിഡ് കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് വിദേശ തീര്‍ഥാടകര്‍ ഹജ്ജിനെത്തുന്നത്.
