ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു

വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ അന്തരിച്ചു. വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം.

ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മകോതോ മോറിമോട്ടോ പറഞ്ഞു.

ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നും അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആബേയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *