സിപിഎം വയനാട് ജില്ലാസെക്രട്ടറിയുടെ മകന്റെ നിയമന ക്രമക്കേട് : അന്വേഷണ റിപ്പോര്‍ട്ട് നല്‍കി

കല്‍പ്പറ്റ : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ അധ്യാപക നിയമന വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി. വെള്ളമുണ്ട, തരുവണ സ്‌കൂളുകളിലെത്തി രേഖകള്‍ പരിശോധിച്ച ശേഷമാണ് ജില്ലാ വിദ്യാഭ്യസ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വയനാട് വിദ്യാഭ്യസ വകുപ്പിലെ അക്കൗണ്ട്‌സ് ഓഫീസര്‍ കെ സി രജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥര്‍ വെള്ളമുണ്ട എയുപി സ്‌കൂളിലും തരുവണ സര്‍ക്കാര്‍ സ്‌കൂളിലും നേരിട്ടെത്തി അന്വേഷണം നടത്തി. സ്‌കൂളിലെ രേഖകള്‍ പരിശോധിച്ചു. മാനന്തവാടി എഇഒയില്‍ നിന്നും വിവരങ്ങള്‍ തേടി.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്ലാതെ അന്വേഷണ ചുമതല അക്കൗണ്ട്‌സ് ഓഫീസര്‍ക്ക് നല്‍കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ രാഷ്ട്രീയ ഇടപെടല്‍ കൂടതലാണെന്ന് എന്‍ജിഒ അസോസിയേഷന്‍ കുറ്റപ്പെടുത്തി. സ്വന്തക്കാര്‍ക്ക് നിയമനം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദമേറുകയാണ്. കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ വ്യാജ ടിസിയടക്കം ഉപയോഗിച്ച വെള്ളമുണ്ട സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *