കെഎസ്ഇബി ചെയർമാൻ ഡോ.ബി.അശോകിനെ മാറ്റി. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാനാകും. കൃഷി വകുപ്പിലേക്കാണ് ബി.അശോകിനെ മാറ്റി നിയമിച്ചിട്ടുളളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിർവഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.
കെഎസ്ഇബി ചെയർമാനായി നാളെ ഒരു വർഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് ഐഎഎസ് അസോസിയേഷൻ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സർക്കാർ സംരക്ഷിച്ചിരുന്നു.
