നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ബഹ്റൈനില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച്‌ മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്.

സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേയാണ് സംഭവം. ശ്രീജിത്തിന്റെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു.

കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറില്‍ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയില്‍ എത്തിയിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകള്‍ എടുക്കാന്‍ വീണ്ടും കടലിലേക്കിറങ്ങിയാണ് അപകടത്തില്‍പെട്ടത്.

വീണ്ടും കടലിലേക്ക് ഇറങ്ങി നീന്തിയ ശ്രീജിത്ത് പാതിവഴിയില്‍ മുങ്ങിമരിക്കുകയായിരുന്നു. ബഹ്റൈനില്‍ ബിസിനസ്സുകാരനാണ് ശ്രീജിത്ത്. ഭാര്യ വിദ്യ ബഹ്‌റൈനിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപികയാണ്.

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ അടക്കമുള്ളവര്‍ ശ്രമിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *