തിരുവനന്തപുരം : നിയമസഭയ്ക്കുള്ളില്‍ വടകര എം എല്‍ എ കെ കെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരിച്ച് മുന്‍ മന്ത്രി എം എം മണി.
താന്‍ കെ കെ രമയെ അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇത്തവണ എം എം മണി രംഗത്തെത്തിയത്.
വിധവ എന്ന പരാമര്‍ശം നടത്തിയത് കോണ്‍ഗ്രസുകാരാണ്. തനിക്ക് പറയാനുള്ളത് നിയമസഭയ്ക്ക് ഉള്ളില്‍ പറയും. വിധിയെന്ന പറഞ്ഞതിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ ഇപ്പോള്‍ താന്‍ തയ്യാറല്ല. അതേസമയം, താനൊരു നിരീശ്വരവാദി ആണെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെയും എം എം മണിയുടെ പരാമര്‍ശം ഉണ്ടായി. കെ സുധാകരന്‍ തന്നെ അധിക്ഷേപിച്ചത് പുല്ലുപോലെയാണ് കാണുന്നത്. അദ്ദേഹത്തിന് യാതൊരു തരത്തിലും ലക്കും ലഗാനും ഇല്ലെന്നും മണി പറഞ്ഞു.
അതേസമയം , ‘ ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല ‘ എന്നായിരുന്നു എം എം മണി നിയമസഭയില്‍ കെ കെ രമയ്ക്ക് എതിരെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും സംഭവം ഇടയായി. മാണിയുടെ പ്രസ്താവന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധോയമായി. ഇതിന് പിന്നാലെ കെ കെ രമ എം എം മണിയ്ക്ക് മറുപടിയും നല്‍കിയിരുന്നു.
അതേസമയം , കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മുന്‍മന്ത്രിയായ എം എം മണിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. മണിയുടെ മുഖവും ചിമ്ബാന്‍സിയുടെ മുഖവും ഒന്നാണെന്നാണ് കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കിയത് .
അദ്ദേഹത്തിന്റെ മുഖം അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു എന്നും കെ സുധാകരന്‍ ചോദിച്ചിരുന്നു . ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ.. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു . ഈ പരാമര്‍ശത്തിന് എതിരെയാണ് ഇപ്പോള്‍ എം എം മണി പ്രതികരിച്ചത് .
