‘എനിക്ക് നേരെ പണ്ട് കോണ്‍ഗ്രസ് നേതാവ് നിറയൊഴിച്ചു’; പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചര്‍ച്ച ചെയ്യവേ തനിക്കെതിരെ നടന്ന പഴയ ആക്രമണ ശ്രമവും വധശ്രമവും ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

എംഎല്‍എയായിരിക്കേ തനിക്കെതിരെ ഒരാള്‍ വെടിയുതിര്‍ത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.

”ചോലമ്ബ്ര തെക്കിടാരിപ്പൊയിലില്‍ കോണ്‍ഗ്രസ് നേതാവ് എന്റെ നേരെയായിരുന്നു നിറയൊഴിച്ചത്. പേര് ഞാന്‍ പറയുന്നില്ല. സണ്ണി ജോസഫിനൊക്കെ അറിയുമെന്ന് തോന്നുന്നു. അന്ന് ഞാന്‍ എംഎല്‍എയായിരുന്നു. മറ്റൊരിക്കല്‍ മമ്ബറത്ത് വെച്ച്‌ എനിക്ക് നേരെ ഒരാള്‍ തോക്കുചൂണ്ടി. പക്ഷേ നിറയൊഴിച്ചില്ല. അന്നും ഞാന്‍ എംഎല്‍എയായിരുന്നു. പിന്നീട് അന്വേഷണത്തില്‍ കളിത്തോക്കാണെന്നാണ് കണ്ടെത്തിയത്” മുഖ്യമന്ത്രി രണ്ടു സംഭവങ്ങളെ കുറിച്ച്‌ പറഞ്ഞു.

പിണറായി സര്‍വീസ് സഹകരണ ബാങ്കിന്റെ തറക്കല്ലിടലിന്റെ അന്ന് തന്റെ വീട്ടില്‍ നിന്ന് വയലിലൂടെയുള്ള വഴിയരികിലെ കടയില്‍ നാലഞ്ചാളുകള്‍ രാവിലെ അരിവാളുമായി വന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും ചാരായം കുടിക്കാന്‍ അവര്‍ ഗ്ലാസ് ചോദിച്ചപ്പോള്‍ സംശയം തോന്നിയ കുട്ടി വീട്ടില്‍ ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആശങ്ക തോന്നിയ അവര്‍ പോകുകയായിരുന്നുവെന്നും പിണറായി ഗ്രാമത്തെ കുറിച്ച്‌ അറിയുന്നവര്‍ക്ക് ഇക്കാര്യം മനസ്സിലാകുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. താന്‍ ആ വഴിയിലൂടെയാണ് ബാങ്കിന്റെ തറക്കല്ലിടലിന് പോകുകയെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. ഇത്തരം നിരവധി സംഭവങ്ങള്‍ കണ്ണൂരില്‍ നേരിടേണ്ടിവന്ന ആളാണ് താനെന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇപ്പോഴും അത് തുടരുന്നുവെന്നതിന്റെ തെളിവാണ് വിമാനത്തിലുണ്ടായ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ ആക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ കയറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരാവാഹിയുമായ വ്യക്തിയുടെ വാട്‌സ്‌ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ 13,000 രൂപയോളം വരുന്ന വിമാന ടിക്കറ്റ് സ്‌പോണ്‍സറെ വെച്ച്‌ സംഘടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നാണ് ഇവര്‍ വിമാനത്തില്‍ കയറിപ്പറ്റിയത്. എയര്‍ഹോസ്റ്റസുമാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അത് വകവെക്കാതെ ഇവര്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും അവസരോചിതമായി ഉയര്‍ന്നാണ് അക്രമികളെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞതിന്റെ പേരില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *