തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ ക്രമക്കേട് കേസില്‍ അടിവസ്ത്രത്തില്‍ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍.
അടിവസ്ത്രത്തിന്റെ അടിഭാഗത്തെ തുന്നലുകളും വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളിലെ തുന്നലുകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചെറുതായി വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. നൂലിന്റെ നിറത്തിലും വ്യത്യാസമുണ്ട്. നിറത്തില്‍ പ്രകടമായ വ്യത്യാസം പഴതും പുതിയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നതാണ്. 1996ല്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കേസില്‍ വഴിത്തിരിവായ ഇന്റര്‍പോള്‍ കത്തും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലഹരിക്കേസിലെ തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് മാറ്റിയെന്ന് മൊഴിലഭിച്ചെന്നാണ് കത്തില്‍ പറയുന്നത്.
1996ലാണ് ആസ്ത്രേലിയന്‍ പൊലീസ് ഇന്റര്‍പോള്‍ മുഖേന കത്ത് അയച്ചത്. 2002ല്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ലഹരിക്കടത്ത് കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് മന്ത്രിക്കെതിരെ കേസ് എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് 28 വര്‍ഷം കഴിഞ്ഞു. 2014 മുതല്‍ 22 തവണയാണ് കേസ് പരിഗണിച്ച് മാറ്റിവെച്ചത്.
