ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുമ്ബാകെ ഹാജരാകും.
നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂണ്‍ എട്ടിന് നോട്ടീസ് നല്കിയപ്പോള് സോണിയക്ക് കോവിഡ് ബാധിച്ചു. തുടര്‍ന്ന് ജൂണ്‍ 23ന് നല്കിയപ്പോള്, കോവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി അവര്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
എന്നാല്‍, നാലാഴ്ചക്കുശേഷം ഹാജരാകാമെന്ന് അന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നല്‍കിയത്. അതേസമയം, സോണിയ ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്ന സമയം പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
നേരത്തെ, രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുമ്ബോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ഡി ഓഫിസിനു മുന്നിലും വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികമാണ് ഇ.ഡി ഇതേ കേസില്‍ രാഹുലിനെ ചോദ്യം ചെയ്തത്.
