മര്‍ക്കസ് കോംപ്ലക്‌സ് കെട്ടിടത്തില്‍ തീപ്പിടിത്തം; പുസ്തകങ്ങള്‍ സൂക്ഷിച്ച മുറി പൂര്‍ണമായും കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ റോഡില്‍ മര്‍ക്കസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ രാത്രിയോടെ തീപ്പിടിത്തം. മര്‍ക്കസ് കോംപ്ലക്‌സിലെ മൂന്നാംനിലയിലെ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്റെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. അളപായമില്ല.
ബുധനാഴ്ച രാത്രി 11.00 മണിയോടെ കെട്ടിടത്തിനുമുകളില്‍നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട മുഹമ്മദ് ഹാരോണ്‍, മുബഷീര്‍ അലി എന്നിവരാണ് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. കെട്ടിടത്തില്‍നിന്ന് പടക്കംപൊട്ടുന്നതുപോലുള്ള ശബ്ദംകേട്ടതായും ജനവാതിലിന്റെ ചില്ലുകള്‍ താഴേക്ക് ചിതറിത്തെറിച്ചെന്നും ഇവര്‍ പറഞ്ഞു.
മുറിക്കുള്ളിലുണ്ടായിരുന്ന പുസ്തകങ്ങളും കസേരകളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചു. കത്തിനശിച്ച മുറിയുടെ മുകള്‍ഭാഗം ഷീറ്റുപയോഗിച്ചാണ് നിര്‍മിച്ചത്. അതിനുമുകളില്‍ സോളാര്‍പാനലുകളും സ്ഥാപിച്ചിരുന്നു. തീപ്പിടിത്തത്തില്‍ ഇതെല്ലാം നശിച്ചു. കെട്ടിടത്തിനുതാഴെ ബൈക്കുകളും ഒരു കാറും താഴെ നിര്‍ത്തിയിട്ടുണ്ടായിരുന്നെങ്കിലും അവിടേക്ക് പടരുംമുമ്പേ തീയണയ്ക്കാനായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കലാനാഥിന്റെ നേതൃത്വത്തില്‍ ബീച്ച് സ്റ്റേഷനില്‍നിന്ന് മൂന്നുയൂണിറ്റും മീഞ്ചന്തയില്‍നിന്ന് രണ്ടുയൂണിറ്റും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണയച്ചത്.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും മുന്നിട്ടിറങ്ങി. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും വ്യാഴാഴ്ച കൂടുതല്‍ അന്വേഷണവും പരിശോധനയും നടത്തുമെന്നും അഗ്‌നിരക്ഷാസേന അറിയിച്ചു. നാശനഷ്ടത്തിന്റെ കണക്കും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *