മനുഷ്യക്കടത്ത് തടയല്‍: ബഹ്റൈന്‍ വീണ്ടും മുന്‍നിരയില്‍

മനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള പരിശ്രമങ്ങളില്‍ ബഹ്‌റൈന് വീണ്ടും അംഗീകാരം. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ബഹ്റൈന്‍ മുന്‍നിര റാങ്കിങ് നിലനിര്‍ത്തി.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്.

മനുഷ്യക്കടത്ത് തടയുന്ന കാര്യത്തില്‍ ടയര്‍ 1 പദവിയിലാണ് ബഹ്റൈന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ റാങ്കിങ് ലഭിച്ച ഏക ജി.സി.സി, അറബ് രാജ്യമാണ് ബഹ്റൈന്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ 31 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും മനുഷ്യക്കടത്ത് തടയാന്‍ ബഹ്റൈന്‍ സ്വീകരിച്ച നടപടികളെ റിപ്പോര്‍ട്ട് പ്രശംസിച്ചു. നിര്‍ബന്ധിത ജോലി കണ്ടെത്താനുള്ള പരിശോധന വര്‍ധിപ്പിച്ചതും മനുഷ്യക്കടത്തുകാര്‍ക്കെതിരെ നടപടിയെടുത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

യു.എസ് റിപ്പോര്‍ട്ടില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയര്‍മാനുമായ ജമാല്‍ അബ്ദുല്‍ അസീസ് അല്‍ അലവി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെയും അഭിനന്ദിച്ചു.

വിവേചനങ്ങള്‍ക്കതീതമായി മനുഷ്യാവകാശ സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള രാജാവിന്‍റെ ദീര്‍ഘവീക്ഷണവും മനുഷ്യന്‍റെ അന്തസ്സ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് രാജാവ് കൈക്കൊണ്ട നടപടികളുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *