പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിന്‍സിപ്പലിന് കത്തയച്ചത്.
കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാന്‍ സര്‍ക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മെഡിക്കല്‍ കോളജ് ഇനിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനത്തിന് സജ്ജമാകാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നടപടി വരുന്നത്. 2022-23 അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആലോചന. ഇതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ആവശ്യം തള്ളിക്കൊണ്ടായിരുന്നു മെഡിക്കല്‍ കമ്മീഷന്‍ കോളജിന്റെ പ്രവര്‍ത്തനാനുമതി തടഞ്ഞത്.
മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവശ്യമായ ക്ലാസ് മുറികളോ ലൈബ്രറിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. വലിയ കെട്ടിടങ്ങള്‍ പണിതതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലന്നും മെഡിക്കല്‍ കമ്മീഷന്‍ പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ സൂചിപ്പിച്ചു. പോരായ്മകള്‍ പരിഹരിച്ചാല്‍ വീണ്ടും പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
2013ലാണ് കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂര്‍ത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാനായിട്ടില്ല. 2020 സെപ്റ്റംബര്‍ 14നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചത്. ഒ.പി മുതല്‍ മേജര്‍ ഓപ്പറേഷന്‍ തിയറ്റര്‍ വരെ ഉടന്‍ സജ്ജീകരിക്കുമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒ.പി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങളൊന്നും ഇവിടെയില്ല.
