ബംഗാളില്‍ ഫ്‌ളേവേര്‍ഡ് കോണ്ടം വില്‍പ്പന കുത്തനെ ഉയര്‍ന്നു; കാരണം അന്വേഷിച്ച്‌ എത്തിയ പോലീസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊല്‍ക്കത്ത: ബംഗാളിലെ ചില പ്രദേശങ്ങളില്‍ അടുത്തിടെ ഫ്‌ളേവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പനയിലുണ്ടായ വന്‍ വര്‍ധനവിന്റെ കാരണം അന്വേഷിച്ച്‌ പോലീസ് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്‌ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്ബോള്‍ ലഭിക്കുന്ന പ്രത്യേകതരം ലഹരിയാണ് ഉപയോഗിക്കുന്നത്. ഫ്‌ളേവേര്‍ഡ് കോണ്ടത്തില്‍ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്ടങ്ങളില്‍ ആരോമാറ്റിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്ബോള്‍ അത് വിഘടിച്ച്‌ പ്രത്യേക തരം ആല്‍ക്കഹോള്‍ രൂപപ്പെടുന്നു. അത് ലഹരിയാണ്. കോണ്ടത്തില്‍ ഉപയോഗിക്കുന്ന സുഗന്ധ സംയുക്തം ഡെന്‍ഡ്രൈറ്റ് പശയിലും കാണപ്പെടുന്നു. നിരവധി ആളുകള്‍ ആസക്തിയ്ക്കും ഡെന്‍ഡ്രൈറ്റ് ഉപയോഗിക്കുന്നുണ്ട്. ചൂടുവെള്ളത്തില്‍ കോണ്ടം ദീര്‍ഘനേരം കുതിര്‍ക്കുന്നത് വലിയ ജൈവ തന്മാത്രകളെ ആല്‍ക്കഹോള്‍ സംയുക്തങ്ങളായി വിഘടിപ്പിക്കുന്നതിനാല്‍ ലഹരിക്ക് കാരണമാകുന്നെന്ന് ഈ രംഗത്തെ വിദഗ്ധരും വ്യക്തമാക്കി.

10 മുതല്‍ 12 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നീണ്ടും നില്‍ക്കും. യുവാക്കള്‍ ലഹരി കിട്ടാന്‍ ഇത്തരത്തില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ആദ്യമല്ലെന്നും ഇത് ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *