ജിദ്ദ: പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ പരസ്യങ്ങള്‍ നീക്കംചെയ്യാന്‍ യൂട്യൂബിനോട് സൗദി ഓഡിയോ-വിഷ്വല്‍ മീഡിയ ജനറല്‍ കമീഷനും കമ്യൂണിക്കേഷന്‍സ് കമീഷനും ആവശ്യപ്പെട്ടു.
തത്ത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്നതും പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.
യൂട്യൂബ് പ്ലാറ്റ്‌ഫോം രാജ്യത്തിനുള്ളിലെ ഉപയോക്താക്കളെ ഉദ്ദേശിച്ച് പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധവും മാധ്യമനിയന്ത്രണങ്ങളുടെ ലംഘനവുമായ ഉള്ളടക്കം ഉള്‍പ്പെടുന്നതായി കാണുന്നുണ്ടെന്ന് ഇരു അതോറിറ്റികളുടെയും പ്രസ്താവനയില്‍ പറഞ്ഞു.
ഓഡിയോ വിഷ്വല്‍ മീഡിയ കമീഷനും കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമീഷനും ഈ പരസ്യങ്ങള്‍ നീക്കംചെയ്യാനും നിയന്ത്രണങ്ങള്‍ പാലിക്കാനും പ്ലാറ്റ്‌ഫോമിനോട് അഭ്യര്‍ഥിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ലംഘനം നടത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
