‘സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ ഉടന്‍’; പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: സായുധ സേനകള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സായുധ സേനയിലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കാര്‍ഗിലില്‍ കണ്ട ഓപ്പറേഷന്‍ വിജയ് പോലുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അദ്ദേഹം പറഞ്ഞു.

കര, നാവിക, വ്യോമ സേനകള്‍ അവരുടെ സ്വന്തം കമാന്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ സമ്ബ്രദായത്തിന് പകരം, മൂന്ന് സേനകളില്‍ നിന്നുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത കമാന്‍ഡാണിത്. മൂന്ന് സേനകളുടെ ആയുധങ്ങളും മനുഷ്യശക്തിയും ഓരോ ഭൂപ്രദേശത്തും ഒരു കമാന്‍ഡായി സംയോജിപ്പിച്ചുകൊണ്ട് പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടുകയാണ് ലക്ഷ്യം. ഒരു ‘തിയേറ്റര്‍’ എന്നത് ഒരു യുദ്ധമേഖലയെയോ പ്രവര്‍ത്തനമേഖലയെയോ സൂചിപ്പിക്കുന്നു. തിയേറ്റര്‍ കമാന്‍ഡിന്‍റെ മാതൃകയിലാണ് യുഎസ്, ചൈനീസ് സേനകള്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *