മൂന്നാറിലെ സ്വര്‍ണക്കടയിലെ മോഷണത്തിന് പിടിയിലായത് അതിസമ്ബന്ന കുടുംബത്തിലെ സ്ത്രീ

മൂന്നാര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീ പിടിയില്‍.

ചെന്നൈയില്‍ നിന്നാണ് സ്ത്രീയെ മൂന്നാര്‍ പൊലീസ് പിടികൂടിയത്. രഹാന ഹുസൈന്‍ ഫറൂക്ക്(47) ആണ് പിടിയിലായത്.

ചെന്നൈയിലെ രായപുരത്ത് അതിസമ്ബന്നര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് പൊലീസ് രഹാനയെ പിടികൂടിയത്. ഇവരില്‍ നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകളും കണ്ടെടുത്തു.

മൂന്നാറിലെ ജിഎച്ച്‌ റോഡിലുള്ള ആഭണശാലയില്‍ കഴിഞ്ഞ ജുലൈ പതിനാറിന് രാവിലെ 10.20 ഓടെയായിരുന്നു സംഭവം. കോയമ്ബത്തൂര്‍ സ്വദേശിയാണെന്നും പേര് രേശ്മയെന്നും പരിചയപ്പെടുത്തിയാണ് രഹാന ജ്വല്ലറിയില്‍ എത്തിയത്. മലേഷ്യയിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. 3 ജോടി കമ്മലും ഒരു ബ്രേസ്‌ലെറ്റും ഒരു ലോക്കറ്റും വാങ്ങിയ രഹാന ഇതിന്റെ വിലയായ 77,500 രൂപ നല്‍കുകയും ചെയ്തു. ഇതിനു ശേഷം 36 ഗ്രാമിന്റെ രണ്ട് മാലകള്‍ എടുത്ത് പരിശോധിച്ച യുവതി വില ചോദിച്ചതിനു ശേഷം വൈകിട്ട് എത്തി മാല വാങ്ങാമെന്ന് അറിയിച്ചു.

ഭര്‍ത്താവും മക്കളും ഹോട്ടലിലാണെന്നും അവര്‍ക്കൊപ്പം വന്ന് ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ് അഡ്വാന്‍സായി 9000 രൂപയും നല്‍കി. ഇതിനു ശേഷം കടയില്‍ നിന്ന് പോയെങ്കിലും വൈകിട്ട് തിരിച്ചെത്തിയില്ല.

രാത്രി ജ്വല്ലറി അടക്കുന്നതിന് മുമ്ബ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകള്‍ കാണാനില്ലെന്ന് ജീവനക്കാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് രാവിലെ വന്ന യുവതി മാല ബാഗില്‍ വെക്കുന്നതായി കണ്ടത്.

മൂന്നാറില്‍ കുടുംബ സമേതം വിനോദയാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു രഹാനയുടെ മോഷണം എന്ന് പൊലീസ് പറയുന്നു. വിനോദയാത്രയ്ക്ക് എത്തി മടങ്ങുന്ന ദിവസം കൂടെയുള്ളവര്‍ അറിയാതെയായിരുന്നു മോഷണം. ചെന്നൈയിലെ അതിസമ്ബന്ന കുടുംബാംഗമാണ് രഹാന.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തില്‍ കയറിപ്പോകുന്നത് കണ്ടു. ഞായറാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തിരിക്കുകയാണ്.

മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്‌.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ ഷാഹുല്‍ഹമീദ്, കെ.ഡി. മണിയന്‍, എസ്.സി.പി.ഒ.മാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ, രഞ്ജിനി വി.ആര്‍. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *