അബൂദബിയില്‍ വ്യാജ ടാക്‌സികള്‍ക്കെതിരെ പരിശോധന ശക്തമാക്കി പൊലീസ്

അബൂദബി: അബൂദബിയില്‍ വ്യാജ ടാക്‌സികള്‍ക്കെതിരെ പരിശോധന നടപടി ശക്തമാക്കുന്നു. അനുമതിയില്ലാതെ വാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചാല്‍ 3000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

അനധികൃത ടാക്‌സി സര്‍വീസ് നടത്തിയാല്‍ 3000 ദിര്‍ഹം പിഴക്ക് പുറമെ 30 ദിവസം വാഹനം പൊലീസ് പിടിച്ചുവെക്കും. ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റും വീഴും. വ്യാജ ടാക്‌സികളെ പിടികൂടാന്‍ അബൂദബിയിലെങ്ങും പരിശോധന കര്‍ശനമാക്കുകയാണെന്ന് പൊലീസ് പറയുന്നു. സംയോജിത ഗതാഗത വകുപ്പിന്റെ കൂടെ സഹകരണത്തോടെയാണ് ടാക്‌സികള്‍ക്കെതിരായ പരിശോധന ശക്തമാക്കുന്നത്.

അനധികൃതമായി ടാക്‌സി സേവനം നല്‍കുന്നവരെ കുറിച്ച്‌ പൊതുജനങ്ങള്‍ക്കും പൊലീസിന് വിവരം കൈമാറാം. യാത്രക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വ്യാജ ടാക്‌സികളുടെ സേവനം തടയുന്നതെന്ന് പൊലീസ് പറഞ്ഞു. ടാക്‌സി സേവനത്തിന് ലൈസന്‍സില്ലാത്തവര്‍ നടത്തുന്ന വാഹനങ്ങളില്‍ പോകുന്നതിന് മുമ്ബ് യാത്രക്കാരും രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. അംഗീകൃത ടാക്‌സികള്‍ എപ്പോഴും പൊലീസിന്റെയും അധികൃതരുടെയും നിരീക്ഷണത്തിലാണ് ഓടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *