കൊച്ചി: നഗരത്തിലെ റോഡുകളില്‍നിന്ന് മഴവെള്ളം കാനയിലേക്ക് സുഗമമായി ഒഴുകിപ്പോകും വിധം കാനകളും ഓവുകളും തുടര്‍ച്ചയായി വൃത്തിയാക്കണമെന്ന് ഹൈകോടതി.വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന ചെടികളും മറ്റും നീക്കുകയും കാനകളിലേക്കും കനാലുകളിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിഷയം ഹൈകോടതി അടിയന്തരമായി പരിഗണനക്കെടുത്തിരുന്നു.
നടപടിക്കും നിര്‍ദേശിച്ചു. നഗരസഭയുടെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നിരത്തുകളില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ തടസ്സങ്ങള്‍ നീക്കിയതായി അധികൃതര്‍ കോടതിയെ അറിയിച്ചു.
വ്യാഴാഴ്ചത്തെ കനത്ത മഴയിലും നഗരത്തില്‍ കാര്യമായ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നത് ചൂണ്ടിക്കാട്ടിയ കോടതി ഒഴുക്ക് തടസ്സപ്പെടുന്നതാണ് പ്രശ്നമെന്ന് വിലയിരുത്തി. തുടര്‍ന്നാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് നിര്‍ദേശിച്ചത്. നഗരസഭ മാലിന്യനീക്കം കാര്യക്ഷമമാക്കുന്നതിനൊപ്പം വെള്ളമൊഴുകിപ്പോകാനുള്ള ഓവുകള്‍ക്ക് മുകളില്‍ ഇരുമ്ബഴി മൂടികള്‍ സ്ഥാപിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി പൊലീസ് നടപടിയെടുക്കണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം വേണം.
കക്കൂസ് മാലിന്യം റോഡിലൊഴുക്കുന്നവര്ക്കെതിരെയും വാഹനങ്ങള്‍ക്കെതിരെയും കലക്ടറും പൊലീസ് കമീഷണറും ബന്ധപ്പെട്ട മറ്റ് അധികൃതരും കര്‍ശനനടപടി സ്വീകരിക്കണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ല കലക്ടറുടെ മേല്‍നോട്ടം ഉണ്ടാകണം. ഇക്കാര്യങ്ങളില്‍ കോടതിയുടെ നിരീക്ഷണവും ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
മുല്ലശ്ശേരി കനാല്‍ നവീകരണത്തിന്റെ ഭാഗമായി ഇതിലൂടെ കടന്നുപോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ നീക്കാന്‍ 2.54 കോടി രൂപ കൂടി അനുവദിച്ചതായും ആഗസ്റ്റ് ആറിന് ടെന്‍ഡര്‍ പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് 18 നകം നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കുമെന്നും വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് കമീഷണറെ കക്ഷിചേര്‍ത്ത കോടതി ഹരജി വീണ്ടും ആഗസ്റ്റ് 17ന് പരിഗണിക്കാനായി മാറ്റി.
