മുംബൈ: പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 65 ആയി ഉയര്‍ത്താനൊരുങ്ങി എയര്‍ ഇന്ത്യ . പൈലറ്റുമാര്‍ക്ക് 65 വയസു വരെ സര്‍വീസില്‍ തുടരാം എന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിക്കുന്നത്. മിക്ക എയര്‍ലൈനുകളിലും പൈലറ്റുമാര്‍ 65 വയസു വരെ ജോലി ചെയ്യാറുണ്ടെന്ന് ജൂലൈ 29 ന് പുറപ്പെടുവിച്ച എയര്‍ ഇന്ത്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. എന്നാലിതിന് ചില ഉപാധികളുണ്ട്. നിലവില്‍ 58 വയസാണ് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം. തിരഞ്ഞെടുക്കപ്പെടുന്ന പൈലറ്റുമാര്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം 5 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സേവനകാലാവധി നീട്ടി നല്‍കുന്നതാണ് പുതിയ നയം. ഈ കരാര്‍ 65 വയസുവരെ നീട്ടാന്‍ അപേക്ഷിക്കാവുന്നതുമാണ്.
”എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ നിലവില്‍ 58 വയസിലാണ് വിരമിക്കുന്നത്. വിരമിച്ചതിന് ശേഷവും പൈലറ്റുമാര്‍ക്ക് സേവനം നീട്ടാന്‍ കമ്പനി നയം രൂപീകരിച്ചിരിക്കുകയാണ്’, എയര്‍ ഇന്ത്യയുടെ ഹ്യൂമന്‍ റിസോഴ്‌സ് മേധാവി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ പുതിയ നയം അനുസരിച്ച്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന പൈലറ്റുമാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള യോഗ്യത പരിശോധിക്കാന്‍ എച്ച്ആര്‍, ഓപ്പറേഷന്‍സ് & ഫ്‌ലൈറ്റ് സുരക്ഷ എന്നീ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പാനല്‍ രൂപീകരിക്കും. അച്ചടക്കം, വിമാന സുരക്ഷ, ജാഗ്രത എന്നിവയുമായി ബന്ധപ്പെട്ട് പൈലറ്റുമാരുടെ മുന്‍കാല രേഖകള്‍ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും. അവലോകനത്തിന് ശേഷം, വിരമിക്കലിനു ശേഷമുള്ള കരാര്‍ നല്‍കുന്നതിന് കമ്മിറ്റി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത പേരുകള്‍ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറിന് ശുപാര്‍ശ ചെയ്യും.
അഞ്ച് വര്‍ഷത്തെ കരാര്‍ സേവനത്തിനു ശേഷം പൈലറ്റുമാരുടെ പ്രകടനം സമഗ്രമായി പരിശോധിച്ച് സേവനകാലാവധി 65 വര്‍ഷം വരെ നീട്ടുന്നത് പരിഗണിക്കും.
നിലവില്‍ ടാറ്റ ?ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് 18,000 കോടി രൂപക്കാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പകരം ടാറ്റയുടെ അംഗങ്ങള്‍ ചുമതലയേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറി. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ് നേതൃത്വം നല്‍കിയ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച 15,100 കോടി രൂപ മറികടന്നാണു ടാറ്റ എയര്‍ ഇന്ത്യ കമ്പനി ഓഹരികള്‍ സ്വന്തമാക്കിയത്. 12,906 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില.
