വിവാഹ വാഗ്ദാനം നല്‍കി പശ്ചിമ ബംഗാളില്‍നിന്ന് തട്ടിക്കൊണ്ടുവന്ന 16കാരിയെ മോചിപ്പിച്ചു

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുവന്ന 16 വയസ്സുകാരിയെ പശ്ചിമ ബംഗാള്‍ സ്വദേശിക്കൊപ്പം പെരിന്തല്‍മണ്ണയില്‍ കണ്ടെത്തി.

പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പൊലീസിന്‍റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ച്‌ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പി. ജാബിര്‍ മുമ്ബാകെ ഹാജറാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടിയെ തട്ടിക്കൊണ്ടുവന്ന മോനു സര്‍ക്കാറിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ബംഗാളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗാള്‍ പൊലീസ് ശനിയാഴ്ച മലപ്പുറത്തെത്തി.ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്‍ മലപ്പുറം ചൈല്‍ഡ്‌ ലൈനിനു നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണ് ഇത്.

പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി ജില്ലയില്‍ എത്തിക്കുകയാണ്. നാലില്‍ രണ്ട് സംഭവങ്ങളിലും പെണ്‍കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്ബാകെ എത്തുമ്ബോള്‍ ഗര്‍ഭിണികളായിരുന്നു.

ശനിയാഴ്ച മോചിപ്പിച്ച 16കാരി പെരിന്തല്‍മണ്ണ ടൗണിന് സമീപം വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു. പെരിന്തല്‍മണ്ണ സി.പി.ഒ ജയന്‍, ചൈല്‍ഡ്‌ ലൈന്‍ കോഓഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍ മുഹ്സിന്‍ പരി, ടീം അംഗങ്ങളായ ഫാഹിസ്, നാഫിയ ഫര്‍സാന എന്നിവരാണ് ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മാസങ്ങളില്‍ പെരിന്തല്‍മണ്ണ തൂതയില്‍നിന്നും അരീക്കോട്ടുനിന്നുമായി സമാനമായ രീതിയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കുട്ടികളെ ചൈല്‍ഡ്‌ ലൈന്‍ രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *