യുക്രെയ്ന്‍ പ്രദേശങ്ങളെ ഒപ്പംചേര്‍ക്കാനുള്ള നീക്കവുമായി റഷ്യ മുന്നോട്ട് പോയാല്‍ ചര്‍ച്ചക്കില്ലെന്ന് സെലന്‍സ്കി

കിയവ്: യുക്രെയ്നില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ജനഹിതപരിശോധനയുമായി റഷ്യ മുന്നോട്ട് പോവുകയാണെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ​വ്ലോഡമിര്‍ സെലന്‍സ്കി.

പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ ജനഹിത പരിശോധന നടത്തി അവ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചര്‍ച്ചക്കില്ലെന്നും സെലന്‍സ്കി പറഞ്ഞു.

റഷ്യയും സഖ്യകക്ഷികളും യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലും തെക്കന്‍ മേഖലകളിലും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടു​ണ്ട്. ഈ മേഖലകളില്‍ ജനഹിത നടത്തി ഒപ്പംചേര്‍ക്കാനുള്ള റഷ്യന്‍ നീക്കത്തിനിടെയാണ് സെലന്‍സ്കിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയില്‍ യുക്രെയ്നിന്റെ ഒരു പ്രദേശവും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് സെലന്‍സ്കി വ്യക്തമാക്കി. അധിനിവേശക്കാര്‍ കപട ജനഹിതപരിശോധനയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ചര്‍ച്ചകളുടെ സാധ്യത കൂടിയാണ് അടക്കുകയെന്ന് സെലന്‍സ്കി പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഇരുരാജ്യങ്ങളും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *