തിരുവനന്തപുരം : സര്‍ക്കാര്‍ മരുന്ന് ലഭ്യമാക്കാതിരിക്കെ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുന്ന മന്ത്രി വീണാ ജോര്‍ജ് മരുന്ന് ക്ഷാമത്തിന് ഡോക്ടര്‍മാരെ ബലിയാടാക്കുന്നുവെന്ന രൂക്ഷവിമര്‍ശനുമായി സംഘടനകള്‍.
കഴിഞ്ഞ ദിവസം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മന്ത്രി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ മാദ്ധ്യമ വിചാരണ ചെയ്തത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കുറ്റപ്പെടുത്തി.
ആശുപത്രികളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ ബലിയാടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) അറിയിച്ചു.
10 ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ രണ്ട് പേരേ ഹാജരായുള്ളൂവെന്ന മന്ത്രിയുടെ പ്രചാരണം അവഹേളനമാണ്. ആറ് ഡോക്ടര്‍മാര്‍ ഒ.പി.യിലും ഒരു ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡ് കൂടാനും രണ്ട് ഡോക്ടര്‍മാര്‍ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടര്‍ റൗണ്ട്സിലുമായിരുന്നു. ഡോക്ടര്‍മാരെ കരിതേയ്‌ക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാണ്. അരമണിക്കൂറിലേറെ ആശുപത്രിയില്‍ നടന്ന മന്ത്രിക്ക് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാത്ത ആള്‍ക്കൂട്ടമോ കാണാനായില്ല. ലഭിച്ച പരാതികള്‍ ഡോക്ടര്‍മാര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.
ആശുപത്രി മേധാവികള്‍ മറ്റു ഫണ്ട് കണ്ടെത്തി മരുന്ന് വാങ്ങണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് കെ.ജി.എം.ഒ.എ വിമര്‍ശിച്ചു. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്പിച്ച് ആരോഗ്യ വകുപ്പ് കൈകഴുകുന്നത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മാനവവിഭവ ശേഷി കുറവായിരിക്കെ, ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരുടെ മനോവീര്യം തകര്‍ക്കുകയാണെന്ന് പ്രസിഡന്റ് ഡോ.ജി.എസ് വിജയകൃഷ്ണനും, ജനറല്‍ സെക്രട്ടറി ഡോ. ടി എന്‍ സുരേഷും പറഞ്ഞു.
