രഹസ്യബന്ധം ചോദ്യം ചെയ്‌ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്നുതള്ളി; യുവതികള്‍ പിടിയില്‍

ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്‌ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്നുതള്ളിയ യുവതികള്‍ പിടിയില്‍.

കലബുര്‍ഗി സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് സഹോദരന്‍ നാഗരാജ് മാതമാരിയെ (28) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്.

ജൂലൈ 29ന് ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് നാഗരാജ് മാതമാരിയെ വാടക കൊലയാളി അവിനാഷിന്റെ (25) നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. കല്ലും പൊട്ടിയ ബീയര്‍ കുപ്പിയും ഉപയോഗിച്ച്‌ ഇടിച്ചും കുത്തിയുമായിരുന്നു കൊലപാതകം.

നാഗരാജിനെ ഓട്ടോറിക്ഷയില്‍ വലിച്ചുകയറ്റി കഴുത്തറുത്ത് മരണം ഉറപ്പാക്കിയെന്നും അലാന്‍ഡ് റോഡിലുള്ള ഭോസ്‍ഗാ ക്രോസില്‍ തള്ളിയെന്നും പൊലീസ് പറയുന്നു.

തലയില്‍ ഒരു വലിയ കല്ല് കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അവിനാഷിനെ കൂടാതെ ആഷിക് (27), രോഹിത് (27) എന്നിവരും പിടിയിലായി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാഗരാജ് മാതമാരിയുടെ സഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മാതമാരിയെ കൊല്ലാന്‍ അനിതയും മീനാക്ഷിയും 50,000 രൂപ വാഗ്‌ദാനം ചെയ്‌തെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കി.

അനിതയും മീനാക്ഷിയും വിവാഹബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും നാഗരാജിനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ പലതവണയായി പ്രദേശത്തെ ഒന്നിലധികം പേരുമായി ഇവര്‍ അടുപ്പം സ്ഥാപിച്ചതിനെ നാഗരാജ് ചോദ്യം ചെയ്തത് വൈരാഗ്യത്തിനു കാരണമായി.

നാഗരാജ് ഇവരില്‍നിന്ന് നിരന്തരം പണം ആവശ്യപ്പെട്ടതും സഹോദരിമാരുടെ അനിഷ്ടത്തിനു കാരണമായി. രഹസ്യബന്ധം തുടരുന്നതിന് സഹോദരനെ വകവരുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നുവെന്നു കല്‍ബുര്‍ഗി പൊലീസ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *