മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയ നടപടി സ്വജനപക്ഷപാതമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയെക്കുറിച്ച് ലഭിച്ച പരാതികളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടാണ് പ്രിയ വര്‍ഗീസിന് നിയമനം ലഭിച്ചതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. അധ്യാപന യോഗതയില്ലാത്തയാള്‍ക്ക് നിയമനം നല്‍കുന്നത് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ്. അതില്‍ സംശയമില്ല. നിയമനം റദ്ദാക്കിയത് നിയമപരമായാണെന്നും ചാന്‍സിലര്‍ എന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമനം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ കോടതിയെ സമീപിക്കുന്നതിലെ അച്ചടക്ക ലംഘനം പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനം വലിയ വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് നിയമന നടപടികള്‍ മരവിപ്പിച്ചത്.
