ഭാരത് ജോഡോ യാത്ര: വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ കാണാന്‍ രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ ഭാഗമാതിയ കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. തിരുവനന്തപുരത്ത് വച്ചായിരിക്കും കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം. സമരക്കാരുമായി ചര്‍ച്ച നടത്തുന്ന രാഹുല്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കാന്‍ സാധ്യതയില്ല.

ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് നേതാക്കളും ചേര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് സ്വീകരണം നല്‍കിയത്. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയും ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

തിരുവനന്തപുരത്ത് മാത്രം നാല് ദിവസമാണ് ഭാരത് ജോഡോ യാത്ര. കേരളത്തില്‍ ആകെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണ് മറ്റ് ജില്ലകള്‍. 29-ാം തീയതി മലപ്പുറത്താണ് പര്യടനം കേരളത്തിലെ അവസാനിക്കുന്നത്. യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വി ഡി സതീശന്‍ രാവിലെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *