ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യംചെയ്ത് കേരളസര്‍ക്കാര്‍ അടക്കം നല്കിയ ഹര്‍ജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പൗരത്വ ഭേദഗതി ഹര്‍ജികളില്‍ അതത് സംസ്ഥാനങ്ങളും മറുപടി നല്‍കണം. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള 220 ഹര്‍ജിയാണ് ചീഫ്ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്. കേസ് വീണ്ടും ഒക്ടോബര്‍ 31നു പരിഗണിക്കുന്നതിനായി മാറ്റി.
220 ഹര്‍ജിയുള്ള സാഹചര്യത്തില്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുമ്ബായി കൃത്യമായ ഷെഡ്യൂള്‍ തയ്യാറാക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേസില്‍ രണ്ട് വ്യത്യസ്ത വിഷയം ഉയരുന്നുണ്ട്. കൃത്യമായ തരംതിരിക്കല്‍ വേണം–-സിബല്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും സിബലിനോട് യോജിച്ചു. കോടതിയുടെ എളുപ്പത്തിനായി വിഷയങ്ങള്‍ കൃത്യമായി വേര്‍തിരിക്കാമെന്നും സമാന സ്വഭാവമുള്ള ഹര്‍ജികളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാമെന്നും മെഹ്ത അറിയിച്ചു.
ഇതോടെ ഹര്‍ജികള്‍ തരംതിരിച്ച് പൂര്‍ണമായ പട്ടിക തയ്യാറാക്കാന്‍ സോളിസിറ്റര്‍ ജനറലിന്റെ ഓഫീസിനെ കോടതി ചുമതലപ്പെടുത്തി. കേന്ദ്രത്തോട് ഹര്‍ജികള്‍ക്കുള്ള മറുപടികള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. ഹര്‍ജികള്‍ മൂന്നംഗംബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
