ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പേരെ തട്ടിക്കൊണ്ടുപോയി കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍.
സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. 15, 17 വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞദിവസം മോട്ടോര്‍ സൈക്കിളിലെത്തിയ അയല്‍ഗ്രാമത്തിലുള്ള ചിലര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ലഖിംപൂര്‍ഖേരിയിലെ കരിമ്ബിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രദേശത്തെ പ്രധാന ഹൈവേകളെല്ലാം ഉപരോധിച്ചു. സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ചു. കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നും യോഗി സര്‍ക്കാരിന് കീഴില്‍ അക്രമികള്‍ യഥേഷ്‌ടം സഞ്ചരിക്കുകയാണെന്നും അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും പീഡനമേല്‍ക്കുന്നത് അപലപനീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
തെറ്റായ പരസ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ നല്‍കിയാല്‍ നിയമവാഴ്‌ച നന്നാകില്ലെന്നും യുപിയില്‍ എന്തുകൊണ്ട് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ചോദിച്ചു.
