പത്തനംതിട്ട തിരുവല്ലയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി.
സ്കൂള്‍ ഹോസ്റ്റലിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് തിരുവല്ല പോലീസില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
തിരുവല്ലയിലെ എയ്ഡഡ് ഹൈസെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 12 കാരനായ വിദ്യാര്‍ഥിയെ 15 കാരായ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആണ്പരാതി.
ഓണ അവധിക്ക് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ അസ്വാഭാവികമായ രീതിയില്‍ മുറിവുകള്‍ കണ്ടതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് മാറണമെന്നും ആവശ്യപ്പെട്ടതായി കുട്ടിയുടെ മാതാവ് പറഞ്ഞു.
ഓണാവധിക്ക് ശേഷം കുട്ടിയെ മാതൃസഹോദര വീട്ടിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ തന്നെ ആവശ്യപ്രകാരം ആയിരുന്നു ഈ നടപടി. തുടര്‍ന്ന് മാതാവിന്റെ സഹോദരിയോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് മാതാപിതാക്കള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് നടപടി ആരംഭിച്ചു. കേസില്‍ വിശദമായ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
