ന്യൂയോര്‍ക്ക്അ: വതാരക ഹിജാബ് ധരിക്കാതെ വന്നതില്‍ പ്രതിഷേധിച്ച് മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖം ബഹിഷ്കരിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
സിഎന്‍എന്നിന്റ മുഖ്യ അന്തര്‍ദേശീയ അവതാരക ക്രിസ്റ്റ്യാന്‍ അമന്‍പോറുമായുള്ള അഭിമുഖത്തില്‍നിന്നാണ് റെയ്സി പിന്‍വാങ്ങിയത്.
യുഎന്‍ പൊതുസഭാ യോഗത്തിന് ന്യൂയോര്‍ക്കില്‍ എത്തിയ റെയ്സിയുമായി ബുധനാഴ്ചയാണ് അഭിമുഖം നിശ്ചയിച്ചത്. എന്നാല്‍, അവതാരക തല മറച്ച് വരണമെന്ന് കടുത്ത യാഥാസ്ഥിതികവാദിയായ റെയ്സി ആവശ്യപ്പെടുകയായിരുന്നു. അവര് വിസമ്മതിച്ചതോടെ അഭിമുഖത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു.
ഇറാനില്‍ പ്രതിഷേധം പടരുന്നു
പൊലീസിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കിടയിലും മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങള്‍ ഇറാനില്‍ പടരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി കസ്റ്റഡിയിലിരിക്കെ മരിച്ചതോടെയാണ് രാജ്യം പ്രക്ഷോഭക്കളമായത്. 26 പ്രക്ഷോഭകര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 31 പേര്‍ മരിച്ചതായി വ്യാഴാഴ്ച റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
തെഹ്റാനില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം കത്തിച്ചു. പൊലീസ് സ്റ്റേഷനുകള്‍ കത്തിച്ചതായും പൊലീസ് വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്.
പാചകവാതക വിലക്കയറ്റത്തിനെതിരെ 2019 നവംബറില്‍ നടന്ന വന്‍ പ്രതിഷേധത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്.
